ചെറുതോണി: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മരിയാപുരം, വാഴത്തോപ്പ് പഞ്ചായത്തുകളുടെ സഹകരണത്തോടെ ഇക്കോ-ഹൈഡൽ ടൂറിസം പദ്ധതിക്ക് അവസരം ഒരുങ്ങുന്നു.
സേതു ബന്ധൻ പദ്ധതിയുടെ ഭാഗമായി മരിയാപുരം, വാഴത്തോപ്പ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലം യാഥാർഥ്യമാകുമ്പോൾ പാലത്തിന്റെ സമീപപ്രദേശങ്ങളെ ഉൾപ്പെടുത്തി ഇക്കോ - ഹൈഡൽ ടൂറിസം പ്രോജക്ട് നടപ്പിലാക്കുകയാണ് ലക്ഷ്യം.
തടിയൻപാട് മരിയസദൻ പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ മാർഗരേഖ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റും കോട്ടയം അതിരൂപത വികാരി ജനറാളുമായ ഫാ. തോമസ് ആനിമൂട്ടിൽ സമർപ്പിച്ചു.
പ്രകൃതിദത്തമായ നദീതീര നടപ്പാത, ഉല്ലാസയാത്രാ സൗകര്യങ്ങൾ, വ്യൂപോയിന്റുകൾ, ബോട്ടിംഗ് യാർഡ്, പെഡൽ ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ, കുട്ടവഞ്ചി, ട്രക്കിംഗ്, സൈക്ലിംഗ്, മാലിന്യരഹിത പരിസ്ഥിതി സൗഹൃദ സന്ദർശന സ്ഥലങ്ങൾ, പ്രാദേശിക സസ്യസംരക്ഷണ ഉദ്യാനങ്ങൾ, മഴവെള്ള സംഭരണ സംവിധാനങ്ങൾ, താമസസൗകര്യങ്ങൾ, ഭക്ഷണശാലകൾ, ഗൈഡഡ് ടൂറിസം, ട്രെയിനിംഗ് സെന്റേഴ്സ്, പ്രാദേശിക വിഭവവിപണന സ്റ്റാളുകൾ, ടൂറിസം റിസോഴ്സ് സെന്റർ, യാത്രാസൗകര്യങ്ങൾ എന്നിങ്ങനെ വിവിധ പദ്ധതികൾക്കായി 11 കോടി രൂപ മുതൽ മുടക്കിൽ ഒരു ടൂറിസം പദ്ധതിക്കാണ് മാർഗരേഖ സമർപ്പിച്ചിരിക്കുന്നത്.
നാടിന്റെ വികസനത്തിനുതകുന്ന ഇത്തരത്തിലുള്ള ജനോപകാരപ്രദമായ പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നതിനായി വിദഗ്ധ എൻജിനിയറിംഗ് ടീമിനെ പദ്ധതി പ്രദേശത്തേക്ക് അയയ്ക്കുമെന്നും മന്ത്രി അറിയിച്ചു.
റോയി കെ. പൗലോസ് എംഎൽഎ, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിപ്സി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി സജി, ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് അറക്കയ്പ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്തംഗം ടെസി ജോസഫ്, സിസ്റ്റർ സോണിയ തേക്കുംകാട്ടിൽ, ഡോ. മാത്യു പുള്ളോലിൽ, പ്രഫ. എം.ജെ. ജേക്കബ്, ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ, പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ എന്നിവർ പ്രസംഗിച്ചു.